Pages

Friday, November 30, 2012

അദ്വൈതം












ഇനിയും തുറക്കാത്തൊരീ കണ്ണിന്റെ കാഴ്ചയില്‍
ഉറങ്ങാതിരിക്കുന്ന ഉടലും ഉന്മാദവും നിലവിളിക്കുന്നു
ചിക്കിച്ചികഞ്ഞ ജീവിതവും മുള ചീന്തിയ കരളും
പകുത്തു നല്‍കി ഞാനുമൊരു അമ്മയാകും.

അന്നെനിക്ക് കണ്ണനെ ഉറക്കാന്‍ ഈ മുലകള്‍ ആവശ്യമാണ്‌
പണ്ടെന്നെ അമ്മ ഉറക്കിയത്‌ ഈ തുരുത്തിലായിരുന്നു
ലാളിച്ചും കൊഞ്ചിച്ചും സ്വപ്നക്കുരുക്കില്‍ ഞെരിഞ്ഞ്‌ ഞെരിഞ്ഞ്‌.....,
ചിതല്‍പ്പുറ്റ് പോലെ ഞാന്‍ വളര്‍ന്നത്‌ അവ കുടിച്ചാണ്.

അമ്മയാണ് സത്യം.. അമ്മയുടെ പാലാണ് സത്യം..
അമ്മയാകും പാദസരങ്ങളുടെ കിലുക്കമാണ് സത്യം
എങ്കിലും "അമ്മ" ഇപ്പോള്‍ പാതിരാവിലെ നഗരക്കാഴ്ച പോലെ
നെഞ്ച് പിളര്‍ക്കും നിലവിളിയായിരിക്കുന്നു.!

Friday, June 22, 2012

കണക്കെടുപ്പ്



സ്നേഹത്തിന്റെ കാനേഷുമാരി ചോദിച്ചവനോട്
പുച്ഛമായിരുന്നു എനിക്ക്
വിശക്കുമ്പോള്‍ അന്നം തന്നവനോടും വെറുപ്പായിരുന്നു
ഇഷ്ടംകൂടി അടുത്തുവന്നവര്‍ പഴുതാരയെ പോല്‍ -
രക്തം ഊറ്റിക്കുടിച്ചത് ചരിത്രം!

വാക്കുകളെ ചേര്‍ത്തുവെച്ച നെഞ്ചിലാണവന്‍-
ആഴത്തില്‍ കുത്തിയത്
ചോരയോട്ടം നിലച്ചിട്ടില്ല ഇന്നും
ആകാശത്തിനു പോലും ചുവപ്പ് നിറം!

കൌമാരപ്രണയത്തിന്റെ പലനിറമുള്ള മലഞ്ചെരുവിലൂടെ
ഒരുകൂട്ടം പക്ഷികള്‍ പറന്നകലുന്നു
മരിച്ചുപോയ പ്രണയത്തിന്റെ കാറ്റ്-
ഇടവഴിയില്‍ എന്നെ ഭയപ്പെടുത്തുന്നു

ഓര്‍മ്മ മരിച്ച സായാഹ്നത്തില്‍ ഇനിയെന്തു ചെയ്യണം?
ഈറന്‍ വസ്ത്രങ്ങളോടെ ദേവാലയമുറ്റത്തിരുന്നു-
ദൈവത്തെ വിളിക്കണോ..
അതോ,
വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി ചോദിക്കണോ..?